മലയാളം

ഭാഷ തിരഞ്ഞെടുക്കുക

തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റിന്റെയും ഗവേഷണ കേന്ദ്രത്തിന്റെയും ചരിത്രം

ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മം കൊണ്ട് പാവനമായ വെട്ടത്തു നാട്ടിലെ തുഞ്ചന്‍ പറമ്പിലാണ് തുഞ്ചന്‍ സ്മാരകം യാഥാർഥ്യമായിരിക്കുന്നതു. തുഞ്ചന്‍ പറമ്പില്‍ ജനിക്കുകയും ചിറ്റൂരില്‍ മരിക്കുകയും ചെയ്ത ആചാര്യനെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ പേര്, ജാതി, കൃതികള്‍ എന്നിവയെ സംബന്ധിച്ചൊക്കെ അഭിപ്രായഭേദങ്ങളുണ്ടെങ്കിലും മലയാളഭാഷയ്ക്ക് ക്രമക്കണക്കുണ്ടാക്കി അടിത്തറയിട്ടയാളെന്നതില്‍ ആര്‍ക്കും സംശയലേശമില്ല.തിരൂര്‍ തൃക്കണ്ടിയൂരിനടുത്ത അന്നാരയെന്ന സ്ഥലത്താണ് തുഞ്ചന്‍ പറമ്പ് സ്ഥിതിചെയ്യുന്നത്. കാഞ്ഞിരമരം, കിഴക്കുഭാഗത്തെകുളം, എഴുത്താണിയും എഴുത്തോലയും, എഴുത്തുകളരിയുടെ തിരുശേഷിപ്പുകള്‍ എന്നിവ തുഞ്ചന്‍ പറമ്പിലെ ആചാര്യമുദ്രകളാണ്. ആചാര്യമഹിമയാല്‍ കയ്പുപോയ കാഞ്ഞിരമെന്നത്രെ പ്രചാരം. എഴുത്തച്ഛന്റെ കാലശേഷം അന്യാധീനപ്പെട്ട്, കാടുകയറിക്കിടന്ന തുഞ്ചന്‍പറമ്പ് വീണ്ടെടുക്കാനും അവിടെ ഭാഷാപിതാവിന് അര്‍ഹമായ സ്മാരകം പണിയാനുമുള്ള ആലോചന മുമ്പുണ്ടായി. 1906ല്‍ കോഴിക്കോട് വിദ്വാന്‍ മാനവിക്രമ ഏട്ടന്‍ തമ്പുരാന്റെ അദ്ധ്യക്ഷതയില്‍ തുലാം ഒന്നിന് ഇത്തരമൊരു ആലോചനായോഗം നടന്നു. സ്മാരക നിര്‍മ്മാണത്തിനായി വിപുലമായ രൂപരേഖ യോഗം തയ്യാറാക്കിയെങ്കിലും അത് ആരംഭശൂരത്വത്തിലൊതുങ്ങി.

തുഞ്ചൻ പറമ്പ് കൈകാര്യം ചെയ്യുന്നതിനും കൂടുതൽ വികസനം ആസൂത്രണം ചെയ്യുന്നതിനുമായി 1964 ൽ സർക്കാർ 12 അംഗ സമിതി രൂപീകരിച്ചു. മലയാളികൾക്കിടയിൽ ഈ സ്ഥലം വ്യാപകമായി അറിയപ്പെടുകയും അത് ഒരു സാംസ്കാരിക കേന്ദ്രമായി പരിണമിക്കുകയും ചെയ്തു. 1993 ൽ കമ്മിറ്റി ചെയർമാനായി ശ്രീ എം.ടി.വാസുദേവൻ നായർ ചുമതലയേറ്റു. ശ്രീ കുമാരൻ നായർ സെക്രട്ടറിയായിരുന്നു. 2001 ൽ സർക്കാർ സമിതിയെ ഒരു ട്രസ്റ്റാക്കി മാറ്റുകയും അതിന് ഗണ്യമായ സ്വയംഭരണാവകാശം നൽകുകയും ചെയ്തു.

സ്മാരക നിര്‍മ്മാണത്തിനായി സമിതി ധനശേഖരണം നടത്തിയെങ്കിലും ആ തുകകൊണ്ട് സ്ഥലം വാങ്ങാന്‍ കഴിയുമായിരുന്നില്ല. കെ.പി. കേശവമേനോനും മറ്റും ആ തുക അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ ഏല്‍പ്പിച്ച് തുഞ്ചന്റെ മണ്ണ് സര്‍ക്കാര്‍വക സ്വത്താക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ, നാലേക്കര്‍ അറുപതു സെന്റ് വരുന്ന തുഞ്ചന്‍ പറമ്പ് 36,000 രൂപയ്ക്ക് അതിന്റെ അന്നത്തെ അവകാശികളില്‍ നിന്ന് സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങി. 1961 ഡിസംബര്‍ 29ന് പട്ടം താണുപിള്ള തുഞ്ചന്‍ സ്മാരകത്തിന് തറക്കല്ലിട്ടു. കെ.പി. കേശവമേനോന്‍ അദ്ധ്യക്ഷനും പുന്നയ്ക്കല്‍ കുട്ടിശ്ശങ്കരന്‍നായര്‍ സെക്രട്ടറിയുമായി ഒന്നാം തുഞ്ചന്‍ സ്മാരക മാനേജ്‌മെന്റ് കമ്മിറ്റി നിലവില്‍ വന്നു. തുടര്‍ന്നും അതേ കമ്മിറ്റി തന്നെ തുഞ്ചന്‍ പറമ്പിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. 1970 വരെ ആ കമ്മിറ്റി തുടര്‍ന്നു. കമ്മിറ്റിയംഗമായിരുന്ന എസ്.കെ. പൊറ്റക്കാട്ടാണ് പിന്നീട് തുഞ്ചന്‍ സ്മാരകത്തെ നയിച്ചത്. 1982 ആഗസ്റ്റ് 6ന് എസ്.കെ. യുടെ ആകസ്മിക വിയോഗം വരെ ആ കമ്മിറ്റി ഭരണം തുടര്‍ന്നു. 1984ല്‍ ടി.എന്‍. ജയചന്ദ്രന്‍ ചെയര്‍മാനും മംഗലം ഗോപിനാഥ് സെക്രട്ടറിയുമായി പുതിയ കമ്മിറ്റി അധികാരമേറ്റു. തുഞ്ചന്‍ സ്മാരകത്തിന്റെ രജതജൂബിലിയാഘോഷങ്ങള്‍ നടന്നത് 1987ല്‍ ഭരണമേറ്റ ഡോ. എം.എസ്. മേനോന്‍ - കെ. കുമാരന്‍നായര്‍ കമ്മറ്റിയുടെ കാലത്താണ്.

തുഞ്ചന്‍ സ്മാരകത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ കമ്മിറ്റിയാണ് 1992ല്‍ അധികാരമേല്‍ക്കുന്നത്. എം.ടി. വാസുദേവന്‍നായര്‍ ചെയര്‍മാനും കെ. കുമാരന്‍നായര്‍ സെക്രട്ടറിയുമായാണ് 1993 മുതല്‍ കമ്മിറ്റി സജീവമാകുന്നത്. കെ. കുമാരന്‍നായരുടെ വിയോഗശേഷം പി. നന്ദകുമാര്‍ സെക്രട്ടറിയായി. കാല്‍നൂറ്റാണ്ട പിന്നിട്ട കമ്മിറ്റി തുഞ്ചന്‍ സ്മാരകത്തിന്റെ മുഖച്ഛായയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. തുഞ്ചന്‍ സ്മാരക ഗവേഷണ കേന്ദ്രം എന്നു പേരിട്ട സമഗ്രവികസന പദ്ധതിക്ക് 1993 ഒക്ടോബര്‍ 24ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ തറക്കല്ലിട്ടു. വിനോദ പ്രധാനമായ പരിപാടികള്‍ മാത്രം ഉള്‍പ്പെടുത്തി വന്ന തുഞ്ചന്‍ ഉത്സവത്തെ ഗൗരവമേറിയ സാഹിത്യ - സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ള ഇടമാക്കി. ഒന്നാംകിട എഴുത്തുകാരും കലാപ്രതിഭകളും സാഹിത്യ - കലോത്സവങ്ങളില്‍ പങ്കാളികളായി. ലൈബ്രറി, ഗവേഷണ കേന്ദ്രം, സാഹിത്യ മ്യൂസിയം, വിപുലീകരിച്ച ഓഡിറ്റോറിയം, പാചകപ്പുര, സരസ്വതീ മണ്ഡപം, ശില്പമന്ദിരം, എഴുത്തുകളരി, വിശ്രമമന്ദിരം, കോട്ടേജുകള്‍ എന്നിവ കമ്മറ്റിയുടെ കാല്‍ നൂറ്റാണ്ടു കാലത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രമാണ്. സാംസ്‌കാരിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള തുഞ്ചന്‍ പറമ്പ് പൈതൃക പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു. വിദ്യാരംഭം കലോത്സവവും കാലാസൃതമായി മാറ്റാന്‍ കമ്മിറ്റിക്കായി. തുഞ്ചന്‍ സ്മാരക മാനേജ്‌മെന്റ് കമ്മിറ്റി 2001 മുതല്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റായി ഡീഡ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നു.


NEWSLETTER SUBSCRIBE

Signup for regular newsletter and stay upto date with our latest news

Back To Top